അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നാമധേയത്തില്‍ ചരിത്രത്തിന് തന്നെ തര്‍ക്കമുള്ള ഒരു മലയോര ഗ്രാമമാണ് അയ്യന്‍കുന്ന്. 1912-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന ഒരു സിവില്‍ കേസില്‍ അയ്യന്‍കുന്നിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ശ്രീമുല്ലയാംപറമ്പ് ദേവസവും അയ്യര്‍ എന്ന വ്യക്തിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പഴയ കോടതി രേഖകളില്‍ കാണുന്നു. അയ്യര്‍ക്ക് അവകാശപ്പെട്ട കുന്നിന്‍ പ്രദേശം കാലക്രമേണ അയ്യന്‍കുന്ന് എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് മുഖ്യമായ ഒരു വാദം. അഞ്ച് കുന്നുകള്‍ ഉള്‍പ്പെടുന്ന ഭൂവിഭാഗത്തെ അന്നത്തെ ആദിവാസികള്‍ അയ്യന്‍കുന്ന് എന്ന പേര് ചൊല്ലി എന്ന് ഒരു പക്ഷം. പാറപ്പുറവന്‍ കുടുംബവക സ്വത്തും മുല്ലയാംപറമ്പ് ദേവസ്വംവക സ്വത്തും ചേര്‍ന്ന പ്രദേശമാണ് അയ്യന്‍കുന്നില്‍പെട്ട ഭാഗങ്ങള്‍.
രാഷ്ട്രീയസ്വാതന്ത്ര്യത്തിന് വേണ്ടി വൈദേശികാധിപത്യത്തിനെതിരായി ശക്തമായി പ്രക്ഷോഭണം തിരുവിതാംകൂര്‍ മേഖലയില്‍ ആളിപ്പടര്‍ന്ന 1940കളുടെ തുടക്കത്തിലാണ് മലബാര്‍ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ് ഉടലെടുത്തതോടെ സ്വാതന്ത്യ്രസമരം തിരുവിതാംകൂറില്‍ ശക്തി പ്രാപിച്ചു. സേച്ഛാധിപതിയായി ഭരണം നടത്തിയിരുന്ന ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്ക് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കഠിനമായ അമര്‍ഷമുണ്ടായി. കള്ളകേസുകളില്‍ കുടുക്കി അവരെ പലരെയും തടവിലാക്കുകയും ക്രൂരമായി മര്‍ദ്ദനങ്ങള്‍ അഴിച്ച് വിടുകയും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്ന ആരോപണത്തിന്‍റെ പേരില്‍ കൊയിലോണ്‍ നാഷണല്‍ ബാങ്ക് തകര്‍ക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ഉണ്ടായ ഭക്ഷ്യദൗര്‍ലഭ്യതയും ജനപ്പെരുപ്പവും മറ്റു പ്രതിസന്ധികളും ജനങ്ങളെ ദുരിതത്തിലാഴ്ത്തി.
തങ്ങളുടെ പിന്‍തലമുറയുടെ നല്ല ഭാവിക്ക് വേണ്ടി പലരും തങ്ങളുടെ നാടുവിട്ട് പുതിയ ദേശം തേടി പുറപ്പെട്ടു. അവര്‍ തലശേരിയില്‍ ട്രെയിനിറങ്ങി ഒരു പുതിയ ഭൂമിയെ കണ്ടെത്തി—അന്നത്തെ ആറളം വില്ലേജില്‍പെട്ട അയ്യന്‍കുന്ന്, പാറപ്പുറവന്‍ കുടുംബത്തിന്റെ വനഭൂമി. 1941-ല്‍ കാവുങ്കല്‍ ഉലഹന്നാനും മക്കളായ ചാക്കോ, മത്തായി, ജോസഫ് എന്നിവരും മറ്റു ബന്ധുക്കളും കരിക്കോട്ടക്കരിയിലെത്തിയതോടെ ഇവിടെ കുടിയേറ്റത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറ്റം വ്യാപിച്ചു.
അത് കാലഘട്ടത്തില്‍ പാലത്തിന്‍കടവില്‍ ഒരു ഫ്രഞ്ചുകാരന്‍ ഒറ്റയ്ക്കെത്തി കാനനത്തിനുള്ളില്‍ താമസം ആരംഭിച്ചു. അദ്ദേഹം റബ്ബര്‍, കശുമാവ്, തെങ്ങ്, നേന്ത്രവാഴ തുടങ്ങിയവ കൃഷി ചെയ്തു. കാട്ടാനകളുടെ ആക്രമണങ്ങള്‍ക്കിടയിലും അദ്ദേഹം ധൈര്യത്തോടെ പിടിച്ചുനിന്നു. പക്ഷേ പിന്നീട് ആനക്കൂട്ടം കൃഷിയിടം നശിപ്പിക്കുകയും ഏറുമാടം തകര്‍ക്കുകയും ചെയ്തതോടെ എല്ലാം നഷ്ടപ്പെട്ട അദ്ദേഹം സ്ഥലത്തോട് വിടപറഞ്ഞു.
1947ഓടെ കുടിയേറ്റം ശക്തിപ്രാപിച്ചു. പാറപ്പുറവന്‍ തറവാടിന്റെയും ശ്രീമുല്ലയാംപറമ്പ് ദേവസ്വത്തിന്റെയും ഉടമസ്ഥതയിലായിരുന്ന കാട്ടുപ്രദേശങ്ങള്‍ ക്രമേണ കൃഷിഭൂമികളായി മാറി.