മികച്ച ക്ഷീരകർഷക പുരസ്കാരം നേടിയ സുനിത

May 18, 2026

 ഇരിട്ടി : തൊഴിലൊറപ്പ് തൊഴിലിൽ നിന്ന് പശുപരിപാലനത്തിലൂടെ സ്വയം തൊഴിലിൽ സുസ്ഥിര വരുമാനവും ജീവിതവഴിയും കണ്ടെത്തിയ വളളിത്തോട് വാഴയിൽ സ്വദേശിനി കെ സുനിതയ്ക്ക് (41) മികച്ച ക്ഷീരകർഷകയ്ക്കുള്ള  സംസ്ഥാന പുരസ്കാരം. ക്ഷീരവികസന വകുപ്പ് പട്ടികജാതി – വർഗ വിഭാഗക്കാർക്കായ് ഏർപ്പെടുത്തിയ മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരമാണ് സുനിതയെ തേടിയെത്തിയെത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ വള്ളിത്തോട് വാഴയിൽ സ്വദേശിനിയായ കൊയിലത്ത് സുനിത ആറ് വർഷം മുമ്പാണ് പശുവളർത്തൽ ആരംഭിച്ചത്. അതുവരെ തൊഴിലൊറപ്പ് ജോലിയായിരുന്നു ജീവിതമാർഗം. അഞ്ചുസെൻറ്  മാത്രമുള്ള പുരയിടത്തിൽ ഒരു പശുവുമായി തുടങ്ങിയ സുനിത ഇപ്പോൾ പത്ത് പശുക്കളുടെ ഉടമയാണ്. വീടിന് സമീപത്തെ ബന്ധുക്കളുടെ പുരയിടവും കൂടി പ്രയോജനപ്പെടുത്തിയാണ് പശുവളർത്തൽ. ദിവസവും 50 മുതൽ 60 ലിറ്റർ പാൽ വരെ സെൻറ് ജൂഡ് നഗർ ക്ഷീരോത്പാദക സഹകരണ സംഘത്തിലേക്ക് അളക്കുന്നുണ്ട്. നിർമാണ തൊഴിലാളിയായ ഭർത്താവ് സി.എസ് സുരേഷും സഹായത്തിനുണ്ട്. പുലർച്ചെ നാലിന് കറവ പൂർത്തിയാക്കി തൊഴുത്ത് വൃത്തിയാക്കുന്നത് ഉൾപ്പെടെ ഇരുവരും ചേർന്ന് നടത്തും. ഉച്ച കഴിഞ്ഞ് ഭർത്താവ് തൊഴിൽ സ്ഥലത്ത് നിന്ന് എത്തിയശേഷം പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ നിന്നുള്ള പുല്ലരിഞ്ഞ് നല്കും. നഴ്സിoഗ് വിദ്യാർഥിനിയായ തൃഷ മകളാണ്. 

മികച്ച ക്ഷീരകർഷക പുരസ്കാരം നേടിയ സുനിത